Thursday, January 29, 2015

Minimal (horror )


പ്രേത ബാധയുണ്ടെന്നു പറഞ്ഞു പലരും ആ വലിയ ബംഗ്ളാവ് വാങ്ങുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരീശ്വര വാദിയും അതിലുപരി വിപ്ളവ കാരിയുമായ ഞാൻ അവിടെ ഒററക്ക് താമസമാരംഭിച്ചു.രാത്രി ഏറെ വൈകിയിട്ടും കാററിന് ഒട്ടും ശമനമുണ്ടായില്ല.ഒരു പൂച്ച അലമുറയിട്ട് കരയുന്നു.അസ്വസ്ഥതയും ഭയവും ജനിപ്പിക്കുന്ന ശബ്ദം.ഒരു മെഴുകു തിരി കത്തിച്ചു ഞാൻ താഴേക്ക് പടവുകൾ ഇറങ്ങി.സന്തർശക മുറിയിലെത്തിയപ്പോൾ
'' പേടിക്കണ്ട ...അതേതോ ചാവാലിപ്പൂച്ചയാണ്,ഇതിവിടെ സ്ഥിരം പരിപാടിയാ...'' എന്ന് പറഞ്ഞതും കേട്ടു ഞാൻ ആശ്വാസത്തോടെ ബെഡ്റൂമിലേക്ക് നടന്നു.മുകളിലെത്തിയപ്പോഴാണ് ഭയത്തോടെ തിരിച്ചറിഞ്ഞത്, അത് പറഞ്ഞത് ഇവിടുത്തെ വളർത്തു നായ കൈസറാണെന്ന് !!!

Minimal


ഏഴാം ക്ലാസിൽ വെച്ച് കണക്ക് പിരീഡിന് തൊട്ടു മുമ്പ് ഉണ്ടായൊരടിപിടി.അവൻ കോമ്പസ് എടുത്ത് കണ്ണിന് നേരെ വീശിയതെനിക്ക് ഓർമമയുണ്ട് !!
വർഷങ്ങൾക്ക് ശേഷം എൻെറ മുറിയിൽ വാക്കിംഗ് സ്ററിക്കിന് വേണ്ടി ഞാൻ തപ്പി തടയുമ്പോൾ അവൻ വന്ന് എന്നോടൊരു sorry പറഞ്ഞു തിരിച്ചു പോയി. വാക്കിംഗ് സ്ററിക്ക് എവിടെ പോയി എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ !!!

Minimal (ശ്വാസം മുട്ടൽ )


പണ്ട് പണ്ടു........
ഒരാൾക്ക് ഒരു കുട്ടനാടുകാരിയോട് കടുത്ത പ്രണയം.കായൽക്കരയിൽ വെച്ച് പ്രണയത്തിന് വേണ്ടി കടമെടുത്ത വാക്കുകളാൽ ഒരു പ്രേമലേഖനം കൊടുത്തു.അവളത് ചുരുട്ടി വെളളത്തിലേക്ക് എറിഞ്ഞു.
പ്രണയം നനഞ്ഞു !
പിന്നെ അത് ആഴങ്ങളിലേക്ക് പോയി ചെളിത്തട്ടിൽ അമർന്നപ്പോൾ പ്രണയത്തിന് ശ്വാസവും മുട്ടി !!!

Minimal


പണം കൊടുത്ത് ഭോഗിക്കാനായി ചെന്ന് കയറിയതാണ്.ആളെ കണ്ടപ്പോൾ നല്ല പരിചയം.പഴയ കോളേജ് സുന്ദരി !
രാത്രി മുഴുവൻ ഒാർമ്മകൾ പറഞ്ഞിരുന്നു.അവൾ സൂക്ഷിച്ചു വെച്ച കോളജ് മാഗസിനിൽ ഞാനെഴുതിയ കവിത ഏറെ നാളുകൾക്ക് ശേഷം വായിച്ചു.
അതിരാവിലെ വരമ്പത്തൂടെ തിരിച്ചു നടക്കുമ്പോൾ ഭോഗിക്കാതെ തന്നെ നല്ല സുഖം തോന്നി !!!

Minimal(മൈതാനങ്ങൾ)

യുദ്ധം തുടർന്നു.ആശുപത്രികളിലും സ്കൂളുകളിലും ബോംബുകൾ വർഷിച്ചു.രാജ്യത്തെ പല കളിസ്ഥലങ്ങളിലേക്കും കൂടി മൃതദേഹങ്ങൾ മറവ് ചെയ്യേണ്ടതായി വന്നു.ദേശീയ ടീമിൽ ഗോൾകീപ്പറാവണമെന്ന് സ്വപ്നം കണ്ട് നടന്ന പതിമൂന്ന് വയസ്സ്കാരൻ അഹമ്മദിനെ യാദൃശ്ചികമായി ഗോൾപോസ്ററിനടുത്ത് തന്നെയാണ് മറവ് ചെയ്തത്.തൊട്ടടുത്ത് ആ നാട്ടിലെ ഏററവും നല്ല സ്ട്രൈക്കർ ആയിരുന്ന ഖയ്യാമും അന്ത്യവിശ്രമം കൊളളുന്നു.
മൈതാനങ്ങളിൽ ആരവങ്ങൾ ഒഴിയുന്നേ ഇല്ല !!!

Minimal (ടാക്സ്)


സ്വപ്നങ്ങൾക്കും ടാക്സ് ഏർപ്പെടുത്തുന്നത് വരെ അവിടുത്തെ ജനങ്ങൾ നിഷ്ക്രിയരും പ്രതികരണ ശേഷിയില്ലാത്തവരുമായിരുന്നു. ഇപ്പോഴവർ കൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്....!!!

Minimal


പുരോഹിതൻ പ്രസംഗം തുടങ്ങി...
ജനങ്ങൾ കാതോർത്തു,
ദൈവം ചെവി പൊത്തി !!!