Thursday, January 29, 2015

Minimal (horror )


പ്രേത ബാധയുണ്ടെന്നു പറഞ്ഞു പലരും ആ വലിയ ബംഗ്ളാവ് വാങ്ങുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരീശ്വര വാദിയും അതിലുപരി വിപ്ളവ കാരിയുമായ ഞാൻ അവിടെ ഒററക്ക് താമസമാരംഭിച്ചു.രാത്രി ഏറെ വൈകിയിട്ടും കാററിന് ഒട്ടും ശമനമുണ്ടായില്ല.ഒരു പൂച്ച അലമുറയിട്ട് കരയുന്നു.അസ്വസ്ഥതയും ഭയവും ജനിപ്പിക്കുന്ന ശബ്ദം.ഒരു മെഴുകു തിരി കത്തിച്ചു ഞാൻ താഴേക്ക് പടവുകൾ ഇറങ്ങി.സന്തർശക മുറിയിലെത്തിയപ്പോൾ
'' പേടിക്കണ്ട ...അതേതോ ചാവാലിപ്പൂച്ചയാണ്,ഇതിവിടെ സ്ഥിരം പരിപാടിയാ...'' എന്ന് പറഞ്ഞതും കേട്ടു ഞാൻ ആശ്വാസത്തോടെ ബെഡ്റൂമിലേക്ക് നടന്നു.മുകളിലെത്തിയപ്പോഴാണ് ഭയത്തോടെ തിരിച്ചറിഞ്ഞത്, അത് പറഞ്ഞത് ഇവിടുത്തെ വളർത്തു നായ കൈസറാണെന്ന് !!!

Minimal


ഏഴാം ക്ലാസിൽ വെച്ച് കണക്ക് പിരീഡിന് തൊട്ടു മുമ്പ് ഉണ്ടായൊരടിപിടി.അവൻ കോമ്പസ് എടുത്ത് കണ്ണിന് നേരെ വീശിയതെനിക്ക് ഓർമമയുണ്ട് !!
വർഷങ്ങൾക്ക് ശേഷം എൻെറ മുറിയിൽ വാക്കിംഗ് സ്ററിക്കിന് വേണ്ടി ഞാൻ തപ്പി തടയുമ്പോൾ അവൻ വന്ന് എന്നോടൊരു sorry പറഞ്ഞു തിരിച്ചു പോയി. വാക്കിംഗ് സ്ററിക്ക് എവിടെ പോയി എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ !!!

Minimal (ശ്വാസം മുട്ടൽ )


പണ്ട് പണ്ടു........
ഒരാൾക്ക് ഒരു കുട്ടനാടുകാരിയോട് കടുത്ത പ്രണയം.കായൽക്കരയിൽ വെച്ച് പ്രണയത്തിന് വേണ്ടി കടമെടുത്ത വാക്കുകളാൽ ഒരു പ്രേമലേഖനം കൊടുത്തു.അവളത് ചുരുട്ടി വെളളത്തിലേക്ക് എറിഞ്ഞു.
പ്രണയം നനഞ്ഞു !
പിന്നെ അത് ആഴങ്ങളിലേക്ക് പോയി ചെളിത്തട്ടിൽ അമർന്നപ്പോൾ പ്രണയത്തിന് ശ്വാസവും മുട്ടി !!!

Minimal


പണം കൊടുത്ത് ഭോഗിക്കാനായി ചെന്ന് കയറിയതാണ്.ആളെ കണ്ടപ്പോൾ നല്ല പരിചയം.പഴയ കോളേജ് സുന്ദരി !
രാത്രി മുഴുവൻ ഒാർമ്മകൾ പറഞ്ഞിരുന്നു.അവൾ സൂക്ഷിച്ചു വെച്ച കോളജ് മാഗസിനിൽ ഞാനെഴുതിയ കവിത ഏറെ നാളുകൾക്ക് ശേഷം വായിച്ചു.
അതിരാവിലെ വരമ്പത്തൂടെ തിരിച്ചു നടക്കുമ്പോൾ ഭോഗിക്കാതെ തന്നെ നല്ല സുഖം തോന്നി !!!

Minimal(മൈതാനങ്ങൾ)

യുദ്ധം തുടർന്നു.ആശുപത്രികളിലും സ്കൂളുകളിലും ബോംബുകൾ വർഷിച്ചു.രാജ്യത്തെ പല കളിസ്ഥലങ്ങളിലേക്കും കൂടി മൃതദേഹങ്ങൾ മറവ് ചെയ്യേണ്ടതായി വന്നു.ദേശീയ ടീമിൽ ഗോൾകീപ്പറാവണമെന്ന് സ്വപ്നം കണ്ട് നടന്ന പതിമൂന്ന് വയസ്സ്കാരൻ അഹമ്മദിനെ യാദൃശ്ചികമായി ഗോൾപോസ്ററിനടുത്ത് തന്നെയാണ് മറവ് ചെയ്തത്.തൊട്ടടുത്ത് ആ നാട്ടിലെ ഏററവും നല്ല സ്ട്രൈക്കർ ആയിരുന്ന ഖയ്യാമും അന്ത്യവിശ്രമം കൊളളുന്നു.
മൈതാനങ്ങളിൽ ആരവങ്ങൾ ഒഴിയുന്നേ ഇല്ല !!!

Minimal (ടാക്സ്)


സ്വപ്നങ്ങൾക്കും ടാക്സ് ഏർപ്പെടുത്തുന്നത് വരെ അവിടുത്തെ ജനങ്ങൾ നിഷ്ക്രിയരും പ്രതികരണ ശേഷിയില്ലാത്തവരുമായിരുന്നു. ഇപ്പോഴവർ കൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്....!!!

Minimal


പുരോഹിതൻ പ്രസംഗം തുടങ്ങി...
ജനങ്ങൾ കാതോർത്തു,
ദൈവം ചെവി പൊത്തി !!!

Minimal (വിശ്വാസം)


''നാളെ മുതൽ നമ്മുടെ വീടിനു മുന്നിലൂടെ ടാങ്കറുകൾ പോവില്ല,
ആകാശത്തിലൂടെ വിമാനങ്ങൾ ചീറിപ്പായില്ല !
കാതടപ്പിക്കുന്ന ശബ്ദവും കറുത്ത പുകയും ഉയരുകയുമില്ല !''
ഉമ്മ പറഞ്ഞതൊക്കെയുംവിശ്വസിച്ച് ആറു വയസ്സ് കാരൻ നജാഫ് കരച്ചിൽ നിർത്തി പതുക്കെ ഉറങ്ങി !

Minimal(വിപ്ലവകാരി)


വിപ്ലവകാരികളെ കണ്ടെത്താനായാണ് ഇൻറർവ്യൂ നടത്തിയത്.ലോഗൗട്ടുകൾക്കു ശേഷവും വിപ്ലവ വീര്യം മനസ്സിൽ സൂക്ഷിക്കുന്ന ഒരാളെയും കണ്ടെത്താനായില്ല !!!

Minimal(അർജൻറീന-2014 )


നീല കാലുറകൾ ഇട്ട, ദൈവത്തിൻറെ ഇരുപത്തി രണ്ട് കാലുകളായിരുന്നു അത് !
പക്ഷെ ചെകുത്താന് രണ്ട് കാലുകൾ മതിയല്ലോ!!!

Minimal(മതിലുകൾ)


ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ ജനങ്ങൾക്ക് ദൈവത്തെയോ ദൈവത്തിന് ജനങ്ങളെയോ കാണാൻ കഴിഞ്ഞില്ല.അവർക്കിടയിൽ ഒരു മതിൽ പോലെ പുരോഹിതർ നിന്നു !!!

Minimal(കുട്ടികളോടുളള യുദ്ധം)


നിറയെ കുട്ടികൾ ഉളളിടത്തേക്ക് ഒരു മിസൈൽ വന്നു വീണു.അത് പൊട്ടി ആയിരകണക്കിന് റോസാപ്പൂവുകൾ അവിടെ നിറഞ്ഞു.കുട്ടികൾ ആഘോഷത്തോടെ അതിന് മുകളിൽ ഉരുളുകയും ആകാശത്തേക്ക് പൂക്കൾ എറിയുകയും ചെയ്തു.അപ്പോഴേക്കും അതിർത്തിയിൽ നിന്നും ചോക്ലേററുകളുമായി മറ്റൊരു മിസൈൽ അവിടം ലക്‌ഷ്യമാക്കി പാഞ്ഞു !!!

Minimal (സമാധാനം )


അയാളുടെ   സമാധാനത്തിൻെറ ആയുസ്സ് അയൽവക്കത്തെ കോഴി അവരുടെ പുരയിടത്തിൽ കയറും വരയേ  ഉണ്ടായിരുന്നുള്ളൂ  !!!

Minimal


ചിങ്ങം ഒന്നിന് ഒരു കർഷകനെ കണ്ടെത്തി ആദരിക്കാനുളള നെട്ടോട്ടത്തിലാണ് സംഘാടകർ !

Minimal (വെയിലിൻറെ അസൂയ )

പെയ്ത് തോർന്നാലും, കഥയായും കവിതയായും പിന്നെയും പെയ്യുന്ന മഴയെക്കുറിച്ച് വെളളമടിച്ച് ബോധം പോയ വെയിൽ പുലമ്പികൊണ്ടിരുന്നു !!!

Minimal (കാമുകി )


പൂക്കൾ കയ്യിലുണ്ടായിരുന്നിട്ടും അവൾക്ക് പൂന്തോട്ടമായിരുന്നു വേണ്ടിയിരുന്നത് !!

Minimal(പഴയ നക്സൽ)


വിപ്ലവകാലത്ത് ഒരു ഭൂവുടമയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച്പാകം ചെയ്ത് കഴിച്ച ആട്ടിൻകുട്ടിയുടെ ആത്മാവ് ഇന്നലെ രാത്രിയും വന്ന് കരഞ്ഞ് ഭയപ്പെടുത്തി !!!

Minimal


പുതിയ കുട നനച്ചതിനാണ് അമ്മ 
വഴക്ക് പറഞ്ഞത് !!!

Minimal(വാർദ്ധക്യത്തിലെ ശബ്ദ്ം)


ഒരുപാട് ശബ്ധങ്ങൾ കേട്ടിരിക്കുന്നു ഇത് വരെ.പട്ടാളക്കാരൻ ആയിരുന്നപ്പോൾ യുദ്ദത്തിൻെറ ശബ്ദ്ങ്ങൾ.യാത്രികൻ ആയിരുന്നപ്പോൾ പട്ടണങ്ങളുടെ ശബ്ദ്ങ്ങൾ.സാഹസികൻ ആയിരുന്നപ്പോൾ മല മുകളിലെ കാറ്റിൻെറ ശബ്ദ്ം.നാവികൻ ആയിരുന്നപ്പോൾ ആഴക്കടലിലെ തിരമാലകളുടെ ശബ്ദ്ദം.അംഗീകാരങ്ങൾ കിട്ടിയപ്പോൾ ആൾക്കൂട്ടങ്ങളുടെയും കയ്യടികളുടെയും ശബ്ദ്ം.മഴയുടെ ശബ്ദ്ം,മഞ്ഞ്പെയ്യുന്നതിൻെ ശബ്ദ്ം,മരുഭൂമിയുടെയും ശബ്ദ്ം!
ഇപ്പോൾ തെരുവ് അവസാനിക്കുന്നിടത്തെ പഴയ കെട്ടിടത്തിന് മുകളിൽ ഒറ്റക്ക് താമസിക്കുമ്പോൾ മുറിയോട് ചേർന്ന് കൂട്കെട്ടിയ രണ്ട് കുരുവികളുടെ ശബ്ദ്ംമാത്രംകേൾക്കാം!!!

Minimal (ഇര)


വേട്ടയാടുന്ന കളി കാണുകയായിരുന്നു.പെട്ടെന്ന് രസം പോയി.
ഞാനായി ഇര !!!

Minimal (സസ്യ 'പ്രണയം')


ഒടുവിൽ വീട്ടുകാരെ ധിക്കരിച്ച് 'ഒാർക്കിഡ്' മരുഭൂമിയിലെ 'കളളിമുൾ' ചെടിയോടൊപ്പം ഇറങ്ങിപ്പോവാൻ തീരുമാനിച്ചു !

Minimal(സൗഹൃദം)


എന്തോ പറഞ്ഞ് മരുഭൂമിയും വെയിലും തമ്മിൽ പിണങ്ങി !

Minimal (proposal)


'will you marry me'??
നെഞ്ച് വിരിച്ച് മൂർഖൻ ചോദിച്ചപ്പോ പോക്രാച്ചി തവള നാണിച്ച് വരമ്പത്തേക്ക് ചാടി !!!

Minimal (സദാചാരം)


എൻെറയും നിൻെയും ചുണ്ടുകൾക്കിടയിൽ ഒരു കടലാണല്ലോ ദൂരം !

Minimal(തീവ്രവാദി)


''സയ്ദ് അൻവറിൻെറയും സലീം മാലിക്കിൻറെയും ഷാഹിദ് അഫ്രീദിയിടുമൊക്കെ ക്രിക്കറ്റ് കളി മാത്രമാണ് എൻെറ പാകിസ്ഥാൻ ബന്ധം!''

Minimal (സമാധാനപ്രിയനായ വെടിയുണ്ട)


തോക്കിൽ തന്നെ ഇരിക്കുന്നതാ എനിക്കിഷ്ടം.

(കുരിശിൻെറ ഏകാന്തത)

Minimal
കർത്താവിനെ ഒന്ന് പരിചയപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുളളു.
അപ്പോഴേക്കും ഉയർത്തെഴുന്നേറ്റു !

Minimal (വേശ്യ)


എറിയാനുളള കല്ലുകൾ എല്ലാവരും കയ്യിലെടുത്തു.ഒരു പൂച്ചക്കണ്ണനാണ് ആദ്യത്തെ കല്ലെറിഞ്ഞത്.അതവളുടെ തലയിൽ തന്നെ പതിച്ചു.
അയാളെ അവൾക്കറിയാം.
വേശ്യ ആവുന്നതിനും മുമ്പ് കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ അയാളുടെ മുന്നിലവൾ ഏറെ നേരം കൈ നീട്ടി നിന്നിട്ടുണ്ട്,
ആ പൂച്ചക്കണ്ണൻെറ മുന്നിൽ !!!

Minimal (കൂട്)


പണ്ട് പണ്ട് കാട്ടിൽ ക്ഷാമം ബാധിച്ചു. മൃഗങ്ങൾ ഒക്കെ പട്ടിണിയിൽ ആയി.ആ സമയം പട്ടണത്തിൽ നിന്നും വന്ന കുറുക്കൻ മൃഗശാലയിലേക്കുളള അപേക്ഷാ ഫോറം കാട്ടിലാകെ വിതരണം ചെയ്തു.എല്ലാവരും അത് പൂരിപ്പിച്ച് കൊടുത്തു.സിംഹമാവട്ടെ അത് കീറി കളഞ്ഞിട്ട് പതിവ് പോലെ തലയുയർത്തി പട്ടിണി കിടന്നു !!!

Minimal (ജയം)


തോറ്റവനെപോലെയായിരുന്നു എന്നും അവൻ നടന്നിരുന്നത്. ഒടുവിൽ ജയിച്ചിട്ടും അവനങ്ങനെ തന്നെ നടന്നു !!!

Minimal (കഷണ്ടി)


അവശേഷിച്ച മുടികൾ അടക്കം പറഞ്ഞു.
'' ചീപ്പ് കണ്ടിട്ടേറെയായെന്ന്'' .അപ്പോൾ തലയോട്ടി പറഞ്ഞു
''ഇപ്പോൾ നന്നായി ആകാശവും 
നക്ഷത്രങ്ങളെയും കാണാമെന്ന്'' !

Minimal (ധനുഷ്കോടി)


പ്രിയപ്പെട്ടവളുമായി ധനുഷ്കോടിയിലേക്കു ഹണിമൂൺ പോയി. ഇന്ത്യന്‍ എഡ്ജിന്റെ ഒാരത്തു നിന്നപ്പോള്‍. ഒരു ദയവുമില്ലാണ്ടു അവള്‍ ചോദിച്ചു 
കടലും ആക�ാശവും കാണാനായിരുന്നെങ്കിൽ ശംഖുമുഖത്തു പോയാല്‍ മതിയായിരുന്നു എന്നു !!!!!

Minimal (വിലക്കയറ്റം )


ഇാ വിലക്കയററത്തിനിടയിൽ ആണ് അവന്‍ അവന്റെ വിലയില്ലായ്മ തിരിച്ചറിഞ്ഞത്.

Minimal (തിരക്കഥ)


ഒരു തിരക്കഥ എഴുതണം എന്നാണ് ജീവിതാഭിലാഷം.പക്ഷ ഒരു പേന വാങ്ങാന്‍ കഴിഞ്ഞതു ഇന്നലെയാണ്...!!!

Minimal (month end)


രാത്രി ജനലരികിൽ വന്നു ക്രിസ്മസ് പപ്പാ രഹസ്യമായി പറഞ്ഞു .month end ആണ് സമ്മാനങ്ങൾ കുറവാത്രേ....!!!

Minimal (പ്രവാസത്തിലെ മഴ)


മരുഭൂവില്‍ മഴ പെയ്യില്ലെന്നാണ്.പക്ഷെ സ്വപ്നങ്ങളുംഗൃഹാതുരതയും ഉരുണ്ടു കൂടുമ്പോൾ മേഘങ്ങള്‍ക്കു പിടിച്ചു നിൽക്കാനുമാവില്ല.

Minimal (ലോകം)


വിശാലമായ ലോകത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണവൾ.എനിക്കുറക്കം വന്നു.ഞാൻ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു. എൻെറ ലോകം വിശാലമായി !!!

MINIMAL (കഥ)


"നിങ്ങളുടെ അമ്മ ഒരു കഥയില്ലാത്ത സ്ത്രീ ആണ് !!!!"
അവള്ക്ക് അറിയില്ലല്ലോ അമ്മ പറഞ്ഞു തന്നിരുന്ന കഥകളും കഥാപാത്രങ്ങളും !!!!

MINIMAL (വിപ്ലവം )


പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും കൊണ്ട് നട്ടം തിരിഞ്ഞപ്പോൾ അച്ഛനൊരു കത്ത് എഴുതി .
പ്രിയപ്പെട്ട അച്ഛന് ,
നമ്മുടെ നാടിന്റെ അവസ്ഥ മോശം ആണ് .അധികാരികൾ മൌനത്തിൽ ആണ് .എനിക്കൊരു വിപ്ലവകാരി ആയെ പറ്റൂ .ഒരു തോക്ക് വാങ്ങാനുള്ള പണം അയക്കണം .
അച്ഛൻ കുറച്ചു നാൾ കഴിഞ്ഞു ഒരു കെട്ടു വെള്ള കടലാസുകൾ അയച്ചു തന്നു .കൂടെ ഒരു കുറിപ്പും .
"പേന വാങ്ങാനുള്ളതു നീ കണ്ടെത്തൂ "